Wednesday 13 November 2013

ഗദ്ഗദം

ഋതു കെ 
ആവില്ലെനിക്കെന്‍റെ മധുരമാം പ്രണയത്തെ
കയ്പെന്നു ചൊല്ലിക്കളയാന്‍
ഏതോ മഴക്കാല രാത്രിയെന്‍ ശിഖരത്തില്‍
കൂടൊരുക്കി നീ വന്നണഞ്ഞൂ
ഞാനറിഞ്ഞില്ലോരാ മഴയെന്‍ ഹൃദയത്തെ
കുളിരായ് പുല്‍കിയുണര്ത്തുമെന്ന്
ഞാന്‍ തനിച്ചല്ലെന്‍റെ കൂടെയൊരാണ് കിളി
വെട്ടം പ്രതീക്ഷിച്ചിരുന്നുവെന്നോ
ആ മഴ തീര്‍ത്തൊരാ താളഭേദത്തിന്‍റെ
ഒളികളില്‍  കൈമാറി നൊമ്പരങ്ങള്‍
എന്നെത്തനിച്ചാക്കി കൂടുവിട്ടാക്കിളി
എങ്ങോ പറയതകന്നുവെന്നോ...
കാത്തിരിപ്പൂ ഞാന്‍ ആ മഴക്കാറിനെ
ആ മഴക്കാര്‍ തീര്‍ത്ത രാത്രി മഴയേയും
നീ വരില്ലെയോ കൂടൊരുക്കില്ലെയോ

വീണ്ടുമാ രാത്രിയിലെന്നപോലെ... 

Tuesday 12 November 2013

ആരോടും പറയാതെ...!!!


ആരോടും പറയാതെ...!!!




              ന്നലെകള്‍ അനുഭവങ്ങളാണ് നാളെകള്‍ പ്രതീക്ഷകളും... ആ അനുഭവങ്ങളാണ് നാളെയുടെ പ്രതീക്ഷകളിലേക്ക് കൂടേറുവാന്‍ നമുക്ക് കരുത്താകുന്നത്. ഒരുപാട് നല്ല നാളുകള്‍ തന്നും പിന്നീടത് തിരികെ വാങ്ങിയുമാണ് ഓരോ കലാലയ വര്‍ഷങ്ങളും കൊഴിഞ്ഞു പോകുന്നത്... നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ നഷ്ടങ്ങള്‍ തന്നെ...!

                                                     2009 ഒക്ടോബര്‍ 14നു ഞങ്ങള്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ആദ്യ ബാച്ചായി അദ്ധ്യയനം തുടങ്ങി... പിന്നീടുള്ള വര്‍ഷങ്ങളില്‍  ഞങ്ങള്‍ അറിയുകയായിരുന്നു ഞങ്ങളെ ഓരോരുത്തരെയും...അറിയാതെ പോയതും പലത്...!

                 കണ്ടതിനേക്കാള്‍ കാണാന്‍ മറന്ന സ്വപ്നങ്ങളാണ് കൂടുതലും... സ്വപ്‌നങ്ങള്‍ മയില്പീലിതുണ്ടുപോല്‍ പുസ്തകതാളുകള്‍ക്കിടയില്‍ മാനം കാണാതെ കാത്തുവച്ചവരാണധികവും... എന്നാല്‍ ഒരുനാള്‍ അവ പുറത്തേക്ക് വന്നു... പുതിയൊരു അനുഭൂതിയായ് കഥകളായി, കവിതകളായി പുതിയ മാനങ്ങള്‍ തേടി...

           അതെ ഇതൊരു തിരിച്ചറിവില്‍ നിന്നും ഉടലെടുത്തതാണ്... വേണ്ടെന്നു വച്ചിടത്ത് നിന്നും പലരും പ്രേരിപ്പിക്കുകയായിരുന്നു... അല്ലെങ്കില്‍ പുസ്തകതാളുകള്‍ക്കിടയില്‍ ശ്വാസം മുട്ടി പിടഞ്ഞ കുറെ മയില്‍‌പീലിതുണ്ടുകളുടെ വിങ്ങലിനാവാം...
            
         ഇവിടെ ഞങ്ങള്‍ ഓരോരുത്തരും പങ്കുവയ്ക്കുകയാണ് ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങളോടൊപ്പം... നിങ്ങള്‍ നല്‍കുന്ന കരുത്താണ് പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരണ...സമര്‍പ്പിക്കട്ടെ ഇ ബ്ലോഗ്‌ നിങ്ങള്‍ക്ക്‌ മുന്നില്‍... “വസന്തകാലത്തിന്‍റെ വരണരേണുക്കള്‍...!!!”